Kerala
കൊച്ചി: മുഖ്യമന്ത്രിയെ സാമൂഹിക മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ ഗുണ്ടാ നേതാവ് അർജുൻ ആയങ്കിക്കെതിരെ പോലീസ് വീണ്ടും കേസെടുത്തു. ആലുവ സൈബർ പോലീസാണ് ഇതുസംബന്ധിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിയെ പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന് കാട്ടിയാണ് നടപടി. നിലവിൽ ഒളിവിലുള്ള പ്രതിക്കായി വിവിധ ജില്ലകളിലും സംസ്ഥാന അതിർത്തികളിലും വ്യാപകമായ തിരച്ചിൽ തുടരുകയാണ്.
പാലിയേക്കര ടോൾ പ്ലാസ കടന്നതായി കണ്ടെത്തിയതിനെ തുടർന്ന് അർജുൻ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഒളിവിലിരിക്കെ സമൂഹമാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകൾ അർജുൻ തന്നെയാണോ ഇടുന്നത് അതോ മറ്റാരെങ്കിലുമാണോ എന്ന കാര്യത്തിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.
അതിനിടയിലും സോഷ്യൽ മീഡിയയിലൂടെയുള്ള വെല്ലുവിളികൾ അർജുൻ ആയങ്കി തുടരുകയാണ്. "തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല" എന്നുമാണ് ഒളിവിലിരുന്ന് വെള്ളിയാഴ്ച രാത്രിയും ഇയാൾ പുതിയ പോസ്റ്റ് പങ്കുവെച്ചത്. ഈ കുറിപ്പിന് താഴെ പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
Kerala
കൊച്ചി: പോലീസിനെയും ആഭ്യന്തരമന്ത്രിയെയും സിനിമാസ്റ്റൈലില്‍ വെല്ലുവിളിച്ച് ഗുണ്ടാനേതാവ് അര്ജുന് ആയങ്കി. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അര്ജുന് ആയങ്കിയുടെ പുതിയ വെല്ലുവിളി. "വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്" എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയായി അര്ജുന് ആയങ്കി കുറിച്ചിരിക്കുന്നത്.
ധൈര്യമുണ്ടെങ്കില്‍ പോലീസ് തന്നെ പിടിക്കട്ടെയെന്ന അര്ജുന് ആയങ്കിയുടെ വെല്ലുവിളിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യാഴാഴ്ച കടുത്ത മറുപടി നല്‍കിയിരുന്നു. പോലീസിനെ വെല്ലുവിളിച്ചവര്‍ക്ക് ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാമെന്നും ഗുണ്ടകളെയും ക്രിമിനലുകളെയും നേരിടാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന് മറുപടിയായാണ് അര്ജുന് ആയങ്കി പുതിയ വെല്ലുവിളിയുമായി രംഗത്തെത്തിയത്.
""ഇനി എന്താ വരുന്നതെന്ന് നോക്കൂ എന്നൊക്കെയാണ് ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല പറയുന്നത്. ഞാനുമെന്റെ സുഹൃത്തുക്കളും പ്രതിചേര്‍ക്കപ്പെട്ട് ജയിലിലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാന്‍, ശേഷം ഞാന്‍ നിരപരാധിയെങ്കില്‍ കള്ളക്കേസെടുത്ത് അധികാരദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാന്‍ ഞാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില്‍ ഞാന്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്.'' എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ കീഴടങ്ങില്ലെന്നായിരുന്നു അര്ജുന് ആയങ്കിയുടെ ആദ്യ നിലപാട്. പറ്റുമെങ്കില്‍ കണ്ടുപിടിക്കാനും പോലീസുകാരെ ഇയാൾ വെല്ലുവിളിച്ചിരുന്നു. കേസില്‍ അര്ജുന് ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് തള്ളിയത്. തുടര്‍ന്ന് ഇയാള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.
Kerala
കൊച്ചി: കോതമംഗലം എസ്എച്ച്ഓയ്ക്കെതിരായ ഭീഷണിയെ ഭീഷണിയെ ന്യായീകരിച്ച് അർജുൻ ആയങ്കി. നിരപരാധിത്വം വ്യക്തമായിരുന്നിട്ടും ഒരു കൂട്ടം കുടുംബങ്ങളെ കണ്ണീർ കുടിപ്പിച്ചു. അധികാര ദുർവിനിയോഗം നടത്തിയത് ആ പോലീസുകാരനാണെന്ന് അർജുൻ ആയങ്കി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിക്കുന്നു.
പത്ത് പേരെ പാതിരാത്രിക്ക് പിടിച്ചുകൊണ്ടുപോയി. അവരുടെ ഭൂതകാലത്ത് ചെയ്ത കുറ്റകൃത്യങ്ങളുടെ ലിസ്റ്റെടുത്ത് അതിൽ ആറു പേർക്കെതിരെ കള്ളക്കുറ്റം ചുമത്തുകയായിരുന്നു. ജാമ്യം കിട്ടാതിരിക്കാൻ പാതിരാത്രി തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്റ് ചെയ്യിക്കുകയായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.
സ്വന്തം പാർട്ടി അധികാരത്തിലിരിക്കുമ്പോൾ കിട്ടാത്ത നീതി, താൻ രാഷ്ട്രീയമായി എതിർത്തിരുന്ന യുഡിഎഫ് സർക്കാരിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും അർജുൻ ആയങ്കി വ്യക്തമാക്കി. എങ്കിലും നിലവിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഇതുസംബന്ധിച്ച് നിവേദനം നൽകുമെന്നും ആയങ്കി പറഞ്ഞു.
Kerala
കൊച്ചി: കോതമംഗലം എസ്എച്ച്ഒയ്ക്കെതിരായി വധഭീഷണി മുഴക്കിയ അര്ജുന് ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്. അര്ജുന് ആയങ്കിക്ക് മുമ്പ് അനുവദിച്ച ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാട്ടി കോതമംഗലം പോലീസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. അര്ജുന് ആയങ്കിയുടെ ഭീഷണി പോസ്റ്റില്‍ പോലീസ് നേരത്തെ കേസ് എടുത്തിരുന്നു.
ഇക്കഴിഞ്ഞ മേയ് മൂന്നിന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്ജുന് ആയങ്കി അടക്കം അഞ്ചു പേരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് അര്ജുന് ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ പോലീസിനെതിരെ രംഗത്തെത്തിയത്.
കോതമംഗലം സിഐ പ്രശാന്തിനെ വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള പോസ്റ്റില്‍, പോലീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത ഭാഷയില്‍ ഭീഷണി മുഴക്കുകയായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സമാധാനമായി പെന്ഷന് വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ സിഐയെ അനുവദിക്കില്ലെന്ന് ആയങ്കി പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
തനിക്ക് നേരിടേണ്ടി വന്ന ഓരോ ദിവസത്തെയും ബുദ്ധിമുട്ടുകള്‍ക്ക് കൃത്യമായി കണക്കുചോദിക്കുമെന്നും പോസ്റ്റില്‍ മുന്നറിയിപ്പുണ്ടായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമങ്ങള്‍ വഴി പരസ്യമായി വധഭീഷണിക്ക് സമാനമായ പോസ്റ്റിട്ടത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് പോലീസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പശ്ചാത്തലത്തില്‍ പ്രതിയുടെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്നാണ് പോലീസിന്റെ ആവശ്യം. ഇതിനു പുറമെ പുതുതായി രജിസ്റ്റര്‍ ചെയ്ത ഐടി ആക്ട് പ്രകാരമുള്ള കേസിലും പോലീസ് നടപടികള്‍ വേഗത്തിലാക്കുമെന്നാണ് വിവരം.
Kerala
കൊച്ചി: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പോലീസ് കരുതൽ തടങ്കലിലെടുത്തു. പുന്നേക്കാടുള്ള റിസോർട്ടിൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കോതമംഗലം പോലീസ് ഇയാളെയും സംഘത്തെയും കസ്റ്റഡിയിലെടുത്തത്.
ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അർജുൻ ആയങ്കിയും സുഹൃത്തുക്കളും പിടിയിലായത്. കസ്റ്റഡിയിലുള്ളവരിൽ കുപ്രസിദ്ധ ഗുണ്ട മരട് അനീഷിന്റെ കൂട്ടാളികളും ഉൾപ്പെടുന്നു. ഇവർ സഞ്ചരിച്ചിരുന്ന മൂന്ന് കാറുകൾ പോലീസ് കസ്റ്റഡിയിലെടുത്തു.
പുതിയ സ്വർണ്ണക്കടത്ത് അല്ലെങ്കിൽ ഗുണ്ടാ ക്വാട്ടേഷനുകൾ ആസൂത്രണം ചെയ്യാനാണോ ഇവർ ഒത്തുചേർന്നതെന്ന് പോലീസ് സംശയിക്കുന്നു. കോതമംഗലം സ്റ്റേഷൻ പരിധിയിൽ ഇവർ എത്തിയതിന്റെ ഉദ്ദേശത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. അർജുൻ ആയങ്കി അടക്കമുള്ളവർക്കെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യും.
മുമ്പ് ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അർജുൻ ആയങ്കി, ലഹരിക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തെത്തുടർന്നാണ് സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ടത്. സിപിഐഎം-ലീഗ്, സിപിഐഎം-ബിജെപി സംഘർഷങ്ങളിൽ പ്രതിയായിരുന്നു.
വിദേശത്തുനിന്നും കടത്തിക്കൊണ്ടുവരുന്ന സ്വർണം ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുന്ന സംഘത്തിന്റെ തലവനാണ് ഇയാളെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഗൾഫിലും കേരളത്തിലുടനീളവും ഇയാൾക്ക് വിപുലമായ ക്വാട്ടേഷൻ നെറ്റ്വർക്ക് ഉണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.